English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം  01/04/1978

 

പ്രാക് ചരിത്രം

 

2500 വര്‍ഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാല്‍ പില്‍കാലങ്ങളില്‍ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കന്‍മാരായ കര്‍ത്താക്കന്‍മാരുടെ കയ്യില്‍ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേര്‍ന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഈ പ്രദേശം ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം.

 

സ്ഥലനാമോല്‍പത്തി

 

1338- ല്‍ സ്ഥാപിതമായ വലിയകാവ് ക്ഷേത്രത്തില്‍ ഭദ്രകാളിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നതിനാല്‍ ഭദ്രകാളിയുടെ മറ്റൊരു നാമഥേയമായ 'കോത' എന്നു ചേര്‍ത്ത് കോതമംഗലം എന്നപേര് രുപം കൊണ്ടുവെന്ന് പറയപ്പെടുന്നുണ്ട്. 'ഗോദ' എന്ന ശിവന്റെ പര്യായവും 'കോത' എന്ന ചേരരാജാക്കന്മാരുടെ സ്ഥാനപ്പേരും ചേര്‍ന്ന് കോതമംഗലം എന്ന പേര് ഉത്ഭവിച്ചുവെന്നും പറയപ്പെടുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം,പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

വി.എസ്.എസ് കണിയാര്‍, പാലക്കാടന്‍.പി.എം കുരുവിള, തൊടുകയില്‍ എം.എന്‍ റാവുത്തര്‍, പീച്ചാട്ട് പി തോമസ്, ഇലഞ്ഞിക്കല്‍ ഇ.വി ജോസഫ്, കുറ്റിച്ചിറക്കുട്ടി ചെറിയാന്‍, വിളയില്‍ വി. എം. വര്‍ക്കി, പുത്തയത്ത് പി. എം. വര്‍ഗ്ഗീസ്, എടക്കുടിയില്‍ ഇ. ഐ. കേശു, കെ. കെ അയ്യപ്പന്‍ തുടങ്ങിയവര്‍ താണിയേലിമാലില്‍ റ്റി. എം. ഐസക്ക്, കെ. റ്റി. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ സജീവമായി ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പാലക്കാടന്‍ പി. എം. കുരുവിളയും, തൊടുകയില്‍ എം. എന്‍ റാവുത്തരും സ്വാതന്ത്ര്യസമര പെന്‍ഷന് അര്‍ഹത നേടിയവരാണ്.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

കഥകളിയുടെ ആദിരൂപമായ 'ശാസ്ത്രകളി' തൃക്കൊടിയൂരിലാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നുണ്ട്. 1924 ഡിസംബര്‍ 16- ന് സെന്റ് അഗസ്റ്റ്യന്‍സ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആരംഭിക്കുകയും 1937- ല്‍ ഈ സ്ക്കൂള്‍ ഗേള്‍സ് സ്ക്കൂള്‍ ആയി മാറ്റുകയും തുടര്‍ന്ന് ഇതേ വര്‍ഷം തന്നെ സെന്റ് ജോര്‍ജ്ജ് എന്ന ഹൈസ്ക്കൂള്‍ ആണ്‍കുട്ടികള്‍ക്കായി ഇവിടെ ആരംഭിക്കുകയും ചെയ്തു.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

പ്രാചീന കാലത്തുതന്നെ ഒരു വാണിജ്യ കേന്ദ്രമായിരുന്ന കോതമംഗലത്തു നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാങ്കുളം വഴി മൂന്നാറിലേക്ക് കോതമംഗലം മൂന്നാര്‍ റോഡ് നിര്‍മ്മിക്കപ്പെട്ടിരുന്നു. കോതമംഗലത്തിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്ന ആലുവ മൂന്നാര്‍ റോഡ് മഹാറാണിയായിരുന്ന സേതുലക്ഷ്മി ഭായി തമ്പുരാട്ടി നിര്‍മ്മിച്ചതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് കരിഗ്യാസ് വണ്ടികള്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നു. പഴയ എം സി റോഡ്, മൂവാറ്റുപുഴ റോഡ് എന്നിവ ഇവിടുത്തെ മറ്റു ഗതാഗത സൌകര്യങ്ങളാണ്.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

രൂപീകരണത്തിനുമുമ്പ് വില്ലേജ് യൂണിയന്‍ സംവിധാനവും, പഞ്ചായത്ത് സംവിധാനവും നിലനിന്നിരുന്ന കോതമംഗലം മുനിസിപ്പാലിറ്റി 01/04/1978- ല്‍ രൂപീകരിച്ചുവെങ്കിലും ഫെബ്രുവരി 1988- വരെ സ്പെഷ്യലാഫീസറുടെ ഭരണത്തിന്‍ കീഴില്‍ ഉദ്യോഗസ്ഥഭരണമായിരുന്നു നിലനിന്നിരുന്നത്. 1988- ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലൂടെ പി. കെ പൌലോസ് ആദ്യ ചെയര്‍മാനായി അധികാരമേറ്റു.